ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന വാർത്തയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. ഗുരുവായൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.എസ് സൂരജാണ് ഗുരുവായൂർ എ.സി.പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. വാർത്തയിൽ പരാമർശിച്ചിരിക്കുന്ന സംഭവത്തിന്റെ യാഥാർത്ഥ്യം അന്വേഷിച്ച് കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉദ്യോഗാർത്ഥികൾ പണം നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവകരമായി കാണേണ്ടതുണ്ടെന്നും ഇത്തരത്തിൽ പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് പൊതു സമൂഹത്തെ വഞ്ചിക്കുന്ന ഗൂഢ സംഘങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
