ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ച് പേർ പിടിയിൽ. ഈസ്റ്റ് ചാലക്കുടി സ്വദേശി ഓമംഗലത്ത് വീട്ടിൽ ആദിത്യൻ (21), ചാലക്കുടി പോട്ട വാഴക്കുന്ന് സ്വദേശി ഇയ്യാനി വീട്ടിൽ നിഖിൽ (23), കൊടകര പറക്കാട്ടുകര സ്വദേശി മലയിൽ തട്ടാൻ വീട്ടിൽ അരവിന്ദ് (23), കൊരട്ടി കോനൂർ സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ ആശ്വിൻ (19), ചാലക്കുടി സ്വദേശി പാറക്കൽ വീട്ടിൽ ആൽഫിൻ (20) എന്നിവരാണ് പിടിയിലായത്. ആൽഫിൻ ഒഴികെയുള്ള നാലുപേരാണ് ആനമല ജംഗ്ഷനിൽ അതിരപ്പിള്ളി റോഡിൽ ജീവൻ ടൂറിസ്റ്റ് ഹോമിലെ റൂമിൽ നിന്നും പിടിയിലായത്. ഇവരിൽ നിന്നും വില്പനക്കായും ഉപയോഗത്തിനായും വിപണനത്തിനായും കൈവശം വെച്ചിരുന്ന 4.270 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് എം.ഡി.എം.എ നൽകിയ ആൽഫിനെ ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായ അരവിന്ദ് ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും മനുഷ്യജീവന് അപകടം വാഹനമോടിച്ച കേസിലും അടക്കം 3 കേസുകളിൽ പ്രതിയാണ്. അറസ്റ്റിലായ അശ്വിൻ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ചാലക്കുടി രചന ബാറിൽ മദ്യം ചോദിച്ചതിൽ 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം കൊടുക്കില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ ബാർ ജീവനക്കാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ്.ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ അതുൽ മോഹൻ, എസ് ഐ ബിജു കെ കെ , ജി എ എസ് ഐ ജിബി ബാലൻ, ജി എസ് സി പി ഒ മാരായ ആൻസൺ പൗലോസ്, രങ്കേഷ് കുമാർ, സി പി ഒ മാരായ ശ്യാം പി ആൻറണി, സന്ദീപ് സാഗർ, അരുൺ നാഥ്. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
