ഗുരുവായൂർ ചാലക്കുടി പ്രസ് ക്ലബ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച മാധ്യപ്രവർത്തകനുള്ള പി.എൻ. കൃഷ്ണൻ നായർ സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ ഗുരുവായൂർ ലേഖകൻ വി.പി. ഉണ്ണിക്കൃഷ്ണന്. 10,000 രൂപയും ഫലകവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഒക്ടോബർ 23 ന് കാലത്ത് 10.30 ന് ചാലക്കുടി എൻഎസ്എസ് ഹാളിൽ സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ സമ്മാനിക്കും. സനീഷ് ജോസഫ് എംഎൽഎ അധ്യക്ഷനാകും. തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളം എക്സ്പ്രസ് പത്രത്തിലാണ് ഉണ്ണികൃഷ്ണൻ പത്രപ്രവർത്തനം ആരംഭിച്ചത്. എക്സ്പ്രസ്സിലും മനോരമയിലും ആയി ഒട്ടേറെ ബൈലൈൻ സ്റ്റോറികൾ ചെയ്തു. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രവും ഐതിഹ്യവും പാരമ്പര്യവും പ്രതിപാദിച്ചു കൊണ്ട് ഉണ്ണിക്കൃഷ്ണൻ മനോരമയിൽ എഴുതുന്ന മുരളിക എന്ന പ്രതിവാര പംക്തി മൂന്നുവർഷം പിന്നിട്ടു കഴിഞ്ഞു. ഓരോ ലക്കവും ലക്ഷക്കണക്കിന് വായനക്കാരെ ആകർഷിക്കുന്ന മുരളിക 160 ലക്കങ്ങളാണ് പൂർത്തിയാക്കിയത്. മലയാള മനോരമ “മുരളിക” രണ്ടു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വികസന മേഖലയിലേക്ക് വഴികാട്ടിയാകുന്ന വാർത്തകളും മാനുഷിക പരിഗണനയ്ക്ക് പ്രാധാന്യം നൽകുന്ന ഫീച്ചറുകളും അടക്കം ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വിധത്തിൽ മാധ്യമപ്രവർത്തന മേഖലയിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ്. വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരം, സംസ്ഥാന പിടിഎയുടെ കർമ ശ്രേഷ്ഠ മാധ്യമ പുരസ്കാരം, എക്സ്പ്രസ് സ്മൃതി സംഗമ ആദരം, മെട്രോ മാധ്യമ രത്ന അവാർഡ്, വൈഎംസിഎ പത്രമാധ്യമ പുരസ്കാരം, ബ്രഹ്മകുളം കർഷക ഗ്രന്ഥാലയം മാധ്യമ പുരസ്കാരം, പൂക്കോട് പ്രിയദർശിനി ഫൗണ്ടേഷൻ മീഡിയ അവാർഡ്, ഗുരുവായൂർ ടൗൺ ക്ലബ് മീഡിയ അവാർഡ്, തൃശൂർ ബ്രീസ് ഫൗണ്ടേഷൻ്റെ എപിജെ അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം, സി എ ലോകനാഥൻ സ്മാരക മാധ്യമ പുരസ്കാരം, ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ആദര പുരസ്കാരം, കലാനിധി ശ്രീകൃഷ്ണാമൃതം പുരസ്കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
