ആവേശം നിറഞ്ഞുനിന്ന സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ. 2010 ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മികേൽ ഒയർസബാൽ ഗോളാക്കിയാണ് സ്പെയിൻ ആദ്യ ലീഡ് പിടിച്ചത്. ഈ ലോകകപ്പിൽ ആദ്യമായി ഫ്രാൻസ് പിന്നിലായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പെഡ്രോ പോറോയാണ് സ്പെയിനിന്റെ ലീഡുയർത്തിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഫ്രാൻസിന്റെ മുന്നേറ്റമാണ് കണ്ടത്. സ്പാനിഷ് ബോക്സിലേക്ക് തുടർച്ചയായി ഫ്രഞ്ച് പട കടന്നുകയറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. 15–ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മിച്ചല്‍ ഒലിസെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. പിന്നാലെ പ്രത്യാക്രമണം നടത്തിയ ഫ്രാൻസ് സ്പാനിഷ് ബോക്സിൽ എത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. 20–ാം മിനിറ്റിൽ ഫ്രഞ്ച് ബോക്സിലേക്ക് മാർക് കുക്കുറെല്ല നീട്ടി നൽകിയ ക്രോസ് സ്വീകരിക്കാൻ ഓടിക്കയറിയ ലമീൻ യമാലിനെ ഫ്രഞ്ച് താരം ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിലാണ് മികേൽ ഒയർസബാൽ ഗോൾ നേടിയത്.

