ഗൾഫ് രാജ്യങ്ങളിൽ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ച ശേഷം നാട്ടിലെത്തിയ രണ്ടുപേർ എം.ഡി.എം.എ വിൽപ്പന നടത്തുന്നതിനിടെ പോലീസിന്റെ പിടിയിലായി. വലപ്പാട് സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് റാഷിദ് (31), പുല്ലൂറ്റ് സ്വദേശി കുന്നുപുറത്ത് വീട്ടിൽ ഷംനാദ് (34) എന്നിവരാണ് 20 ഗ്രാം എം.ഡി.എം.എയുമായി തൂഫാൻ സ്പെഷ്യൽ സ്ക്വാഡിൻ്റെയും വലപ്പാട് പോലീസിൻ്റെയും പിടിയിലായത്. ഗൾഫിൽ വെച്ച് മയക്കുമരുന്ന് കേസിൽ ഷംനാദ് ആറു വർഷവും, മുഹമ്മദ് റാഷിദ് ഒന്നര വർഷവും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷവും ഇവർ മയക്കുമരുന്ന് ഇടപാടുകൾ തുടരുകയായിരുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി പ്രമോദ്, തൃശ്ശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ സലാം തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് എസ് ഐ പ്രദീപ് സി ആർ, എ എസ് ഐ ലിജു. ഐ ആർ, ജി എസ് സി പി ഒ ബിജു.സി കെ, സി പി ഒ മാരായ നിഷാന്ത്, സുർജിത് സാഗർ, വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ എബിൻ, ജി എസ് ഐ ഉണ്ണി, ജി എ എസ് ഐ നിഷി, സി പി ഒ മാരായ സന്ദീപ്, ശ്യാം, മാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

