Friday, July 10, 2026

കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് ആൻ്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് 30-ാം വാർഷികാഘോഷം നാളെ ഗുരുവായൂരിൽ ആരംഭിക്കും

ഗുരുവായൂർ: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് ആൻ്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ മുപ്പതാം വാർഷികാഘോഷവും ദ്വിദിന സാംസ്കാരിക മഹാമഹവും നാളെ ഗുരുവായൂരിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ നഗരസഭ സെക്കുലർ ഹാൾ ഓഡിറ്റോറിയത്തിൽ  രാവിലെ പത്തിന് കലാനിധി ചെയർപേഴ്സൺ ആൻഡ് മാനേജിങ് ട്രസ്റ്റി ഗീത രാജേന്ദ്രൻപതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യശ്രേഷ്ഠ പുരസ്കാര വിതരണം നടക്കും. കവിയും കലാനിധി അംഗവുമായ ഉണ്ണി ഭാസുരിയ്ക്ക് വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ പുരസ്കാരം നൽകും. കലാനിധി രക്ഷാധികാരി ‘കിരീടം ഉണ്ണി’ നിർമ്മിച്ച കിരീടം എന്ന എന്ന ചിത്രത്തിന്റെ പുന:പ്രകാശന വീഡിയോ പ്രദർശനവും ഉണ്ടാകും.

ചടങ്ങിൽ മീഡിയ അവാർഡുകൾ മൂവാറ്റുപുഴ എംഎൽഎ ഡോ. മാത്യു കുഴൽനാടൻ സമ്മാനിക്കും. കവി പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഏ.വി ഗോപിനാഥ് മുഖ്യാതിഥിയാകും. അന്നേദിവസം ഭാവഗായകൻ പി. ജയചന്ദ്രൻ സ്മൃതി ഗാനാഞ്ജലിയും സംഗീതാർച്ചനയും നടക്കും.  കലാനിധി സ്ഥാപകൻ പ്രൊഫ. മൂഴിക്കുളം വി ചന്ദ്രശേഖരപിള്ളയുടെ സ്മരണാർത്ഥം തയ്യാറാക്കിയ ‘ചന്ദ്രകാന്തം’ എന്ന കവിത സമാഹാരത്തിന്റെ പ്രകാശനവും തുടർന്ന് നാഗധ്വനി ഭജൻസിന്റെ ഭക്തിഗാനസുധയും വിഷ്ണു എം ഭുവനേശ്വരിയുടെ വയലിൻ ഫ്യൂഷനും അരങ്ങേറും. ഞായറാഴ്ച രാവിലെ 9 മുതൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ നൃത്ത പ്രതിഭകൾ അണി നിരക്കുന്ന  മൃണാളിനി സാരാഭായി ഇന്റർനാഷണൽ ഡാൻസ് ആൻഡ് മ്യൂസിക് ആരംഭിക്കും. ഉച്ചയ്ക്ക് 12. 30ന് കലാനിധി പ്രതിഭകളും മിനിസ്ക്രീൻ താരങ്ങളും അണിനിരക്കുന്ന നൃത്ത പരിപാടി അരങ്ങേറും. ഉച്ചയ്ക്ക് 1.30ന് പുരസ്കാര സമർപ്പണവും കലാനിധി സിൽവർ ജൂബിലി സാരസ്വത വിദ്യാഭ്യാസ പുരസ്കാര  വിതരണം നടക്കും. ഗുരുവായൂർ ജിയുപി സ്കൂളിലെ  വിദ്യാർത്ഥികൾക്കുള്ള ‘അക്ഷര കനിവ്’ പദ്ധതിയുടെ  നാലാംഘട്ട പഠനോപകരണ  വിതരണ ഉദ്ഘാടനം അഡ്വ. കെ.ജെ രമ ഭായ്  നിർവഹിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. വേദിയിൽ പി.വി ദിവാകരൻ കടിഞ്ഞിമൂല നൂറിൽപരം വൃക്ഷത്തൈകൾ വിതരണം ചെയ്യും. ഭാരവാഹികളായ കലാനിധി ചെയർപേഴ്സൺ  ആൻഡ് മാനേജിങ് ട്രസ്റ്റി ഗീത രാജേന്ദ്രൻ, കവി ഉണ്ണി ഭാസുരി, പരിസ്ഥിതി പ്രവർത്തകൻ പി.വി ദിവാകരൻ കടിഞ്ഞിമൂല, കവയത്രി രമ്യ എസ് നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments