ഗുരുവായൂർ: ഗുരുവായൂരിലെ ആദ്ധ്യാത്മിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ കോമത്ത് നാരായണ പണിക്കരുടെ ശതാഭിഷേകം ആഘോഷിച്ചു. മമ്മിയൂർ ശ്രീകൈലാസം ഓഡിറ്റോറിയത്തിൽ നടന്ന ശതാഭിഷേക ആഘോഷം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ ഹരിഹര കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാരായണപ്പണിക്കർ രചിച്ച ‘പുണ്യദർശനയാത്ര’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു. സ്വാമി സ്വരൂപാനന്ദ സരസ്വതി, സ്വാമി സൻമയാനന്ദ സരസ്വതി, സ്വാമി നിഖിലാനന്ദ സരസ്വതി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ, കവി രാധാകൃഷ്ണൻ കാക്കശ്ശേരി, അരവിന്ദൻ പല്ലത്ത്, ആചാര്യ സി.പി നായർ, ആർ. നാരായണൻ, വി.പി ഉണ്ണികൃഷ്ണൻ, കിഴിയേടം രാമൻ നമ്പൂതിരി, ഡോ.ഡി. എം വാസുദേവൻ, പി. സുനിൽകുമാർ, ടി.എൻ മുരളി, അഡ്വ. മുള്ളത്ത് വേണുഗോപാൽ, പത്മശ്രീ ബാലൻ പുതേരി, അച്യുതക്കുറുപ്പ്, അഡ്വ. രവി ചങ്കത്ത്, എൻ. പ്രഭാകരൻ നായർ, ആർ. ജയകുമാർ, ലിജിത്ത് തരകൻ, കെ.കെ ഗോവിന്ദദാസ് തുടങ്ങിയവർ സംസാരിച്ചു. മമ്മിയൂർ ക്ഷേത്രത്തിൽ മഹാഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, നവഗ്രഹ പൂജ, കലശാഭിഷേകം എന്നിവയും കൈലാസം ഹാളിൽ മാതൃസമിതിയുടെ നാരായണീയ പാരായണവും സന്യാസി സംഗമവും നടന്നു.

