നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനായിരുന്നു സ്വിസ്സ് ടീമിന്റെ വിജയം. ശനിയാഴ്ച മിസൗറിയിലെ കാൻസാസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്.
ഷൂട്ടൗട്ടിൽ സ്വിറ്റ്‌സർലൻഡിനായി ഗ്രാനിറ്റ് ഷാക്ക, സെക്കി അംദുനി, സെഡ്രിക് ഇറ്റെൻ, റൂബൻ വാർഗാസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മാനുവൽ അകാൻജിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. കൊളംബിയയുടെ കുച്ചോ ഹെർണാണ്ടസിന്റെ കിക്ക് സേവ് ചെയ്ത് ഗോൾകീപ്പർ ഗ്രെഗോർ കോബെൽ സ്വിറ്റ് ടീമിനെ കാത്തു. ഡവിൻസൺ സാഞ്ചസിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിക്കുകയും ചെയ്തതോടെ കൊളംബിയയുടെ വിധി വ്യക്തമായിരുന്നു. യുവാൻ ഫെർണാണ്ടോ ക്വിന്റേറോ, യമിൻട്ടൺ കാംപാസ്, ലൂയിസ് ഡിയാസ് എന്നിവർ കൊളംബിയക്കായി ലക്ഷ്യം കണ്ടു.

