മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതി പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം അറസ്റ്റിൽ. നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണുവി (കണ്ണൻ – 37)നേയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള നിയമമാണ് പിറ്റ് എൻ.ഡി.പി.എസ് ആക്ട്. വിഷ്ണു മലപ്പുറം കാടാമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 3.400 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും, ഇടുക്കി ദേവികുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 7.530 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും, തൃശൂർ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 6.650 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും ഉൾപ്പെടെ മൂന്ന് മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. ഇതിൽ കാടാമ്പുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വിഷ്ണുവിനെ കോടതി രണ്ട് വർഷം കഠിനതടവിനും പതിനായിരം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചിരുന്നുവെങ്കിലും, നിലവിൽ ഈ കേസിൽ പ്രതി അപ്പീൽ ജാമ്യത്തിലാണ്. കൂടാതെ ദേവികുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിൽ പതിനായിരം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അനിൽകുമാർ കെ., ജി.എസ്.ഐ. ഉണ്ണി പി.വി., ജി.എ.എസ്.ഐ. ഭരതനുണ്ണി, സി.പി.ഒ.മാരായ ആദർശ്, വിഷ്ണു ആനന്ദ് എന്നിവർ പ്രതിയെ പിടികൂടുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

