ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ എക്വഡോറിനെ കീഴടക്കി മെക്‌സിക്കോ പ്രീക്വാർട്ടറിൽ. മെക്‌സിക്കോ സിറ്റിയിലെ ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആതിഥേയരായ മെക്‌സിക്കോയുടെ ജയം. ബുധനാഴ്ച രാത്രി നടക്കുന്ന ഇംഗ്ലണ്ട് – കോംഗോ മത്സര വിജയികളെ മെക്‌സിക്കോ പ്രീക്വാർട്ടറിൽ നേരിടും.
കനത്ത ഇടിമിന്നലും മഴയും കാരണം ഒരു മണിക്കൂർ വൈകിയാരംഭിച്ച മത്സരത്തിൽ ഹൂലിയൻ ക്വിനോനെസും റൗൾ ഹിമെനസുമാണ് മെക്‌സിക്കോയ്ക്കായി സ്‌കോർ ചെയ്തത്. മെക്‌സിക്കോയുടെ സമഗ്രാധിപത്യമായിരുന്നു ആദ്യ പകുതിയിൽ. ഹൂലിയൻ ക്വിനോനെസും റൗൾ ഹിമെനസും റോബർട്ടോ ആൽവരാഡോയുമെല്ലാം നിരന്തരം എക്വഡോർ ഗോൾമുഖം ആക്രമിക്കുകയായിരുന്നു. പലപ്പോഴും എക്വഡോർ പ്രതിരോധം പിളർത്തിയായിരുന്നു മെക്‌സിക്കൻ മുന്നേറ്റങ്ങൾ. പിന്നാലെ 22-ാം മിനിറ്റിൽ ഹൂലിയൻ ക്വിനോനെസിലൂടെ മെക്‌സിക്കോ മുന്നിലെത്തി. സ്വന്തം ഹാഫിൽ നിന്ന് റോബർട്ടോ ആൽവരാഡോ ഇടതുവിങ്ങിലേക്ക് നൽകിയ ലോങ് പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറി ക്വിനോനെസ് വലകുലുക്കുകയായിരുന്നു.
ഗോൾ നേടിയതോടെ മെക്‌സിക്കോ ആക്രമണം കടുപ്പിച്ചു. വിങ്ങുകളിലൂടെ ആൽവരാഡോയും ക്വിനോനെസും നടത്തിയ നീക്കങ്ങൾ പ്രതിരോധിക്കാൻ എക്വഡോറിന് ഏറെ പണിയെടുക്കേണ്ടി വന്നു.
തുടർന്ന് 31-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിലായിരുന്നു മെക്‌സിക്കോയുടെ രണ്ടാം ഗോൾ. എക്വഡോർ പ്രതിരോധം ഭേദിച്ച് ക്വിനോനെസ് നൽകിയ പാസ് ഒട്ടും സമയംകളയാതെ റൗൾ ഹിമെനസ് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ പക്ഷേ മെക്‌സിക്കൻ നീക്കങ്ങളുടെ വേഗത കുറഞ്ഞു. ഇടയ്ക്ക് എക്വഡോർ ഏതാനും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും മെക്‌സിക്കോ പ്രതിരോധം കടുപ്പിച്ചതോടെ അവ ഫലമില്ലാതെ പോയി. നിൽസൺ അംഗൂളോയും മോയ്‌സെസ് കായ്‌സെഡോയും എന്നർ വലൻസിയയും ഗോൺസാലോ പ്ലാറ്റയുമെല്ലാം കാര്യമായ ശ്രമങ്ങൾ നടത്തിയെങ്കിലും മെക്‌സിക്കൻ പ്രതിരോധം ഉറച്ചുനിന്നു.
രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ മെക്‌സിക്കോയ്ക്ക് സാധിക്കാത്തതാണ് സ്‌കോർ നില 2-0 ആയി തുടരാൻ കാരണം. ഇൻജുറി ടൈമിൽ വായപൊത്തി മൈതാനത്ത് സംസാരിച്ചതിന് എക്വഡോറിന്റെ പിയറോ ഹിൻകാപ്പിയക്ക് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു.

