സ്കോട്ട്ലൻഡിന്റെ വേദിയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാനും അന്താരാഷ്ട്ര സാംസ്കാരിക മികവ് പുരസ്കാരം ഏറ്റുവാങ്ങാനും പോകുന്ന ഗുരുവായൂർ പൈതൃകം കലാക്ഷേത്ര ചെയർമാൻ ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഗുരുവായൂർ പൈതൃകം മന്ദിരത്തിൽ നടന്ന യോഗത്തിൽ കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. കെ.കെ വേലായുധൻ മണലൂർ ഗോപിനാഥിന് പൊന്നാട അണിയിച്ചു. ശശികുമാർ കൊടമന ഉപഹാരവും മാതൃഭൂമിയുടെ തിടമ്പ് പുസ്തകവും നൽകി. ജയൻ മേനോൻ, രവി വട്ടരങ്ങത്ത്, പ്രഹ്ലാദൻ മാമ്പറ്റ്, സുനിത രവി, കൃഷ്ണനാട്ടം കളി ആശാൻ എം.വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കോട്ട്‌ലൻഡിന്റെ ഗ്ലാസ്ഗോ ഫെസ്റ്റിവലിൽ ആണ് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ അരങ്ങേറുന്നത്. സാൻ ടിവി ഇന്റർനാഷണൽ കൾച്ചറൽ എക്സലൻസ് അവാർഡ് 2026 നൽകിക്കൊണ്ടാണ് അദ്ദേഹത്തെ അന്തരാഷ്ട്ര തലത്തിൽ ആദരിക്കുന്നത്. ജൂലൈ 5ന് ഗ്ലാസ്ഗോ ഫെസ്റ്റിവലിൽ അവാർഡ് മണലൂർ ഗോപിനാഥ് ഏറ്റുവാങ്ങും.

