കാൽപ്പാദങ്ങളിൽ കാവ്യാത്മകമായ സാംബ താളവുമായി അഞ്ച് ലോകകിരീടത്തിന്റെ പാരമ്പര്യമുള്ള ബ്രസീൽ, മറുവശത്ത് പ്രതിരോധത്തിന്റെ വന്മതിലുകളും മിന്നൽവേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകളുമായി ചരിത്രം തിരുത്താൻ കാത്തിരിക്കുന്ന ഏഷ്യൻ കരുത്തരായ ജപ്പാൻ. 2026 ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ, ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ ഇന്ന് ആര് ജയിക്കും? പ്രീക്വാർട്ടറിലേക്കുള്ള ടിക്കറ്റിനായി ഇരുപക്ഷവും ബൂട്ടു കെട്ടുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് ഒരു ക്ലാസിക് പോരാട്ടത്തിനാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോയുമായുള്ള ആദ്യ മത്സരത്തിൽ 1-1 ന് സമനില വഴങ്ങി പതറിയെങ്കിലും, ഹെയ്‌ത്തിയെയും സ്കോട്‌ലൻഡിനെയും മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ അവരുടെ സ്വാഭാവിക താളത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ആദ്യ മത്സരത്തിലെ ആ ഒരു ഗോളിന് ശേഷം പിന്നീട് വഴങ്ങാത്ത ഏഴു ഗോളുകൾ ബ്രസീലിന്റെ പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും മൂർച്ച വ്യക്തമാക്കുന്നു. 2002ൽ അവസാനമായി ലോകകിരീടം ചൂടിയതിന് ശേഷം ഇതാദ്യമായാണ് മഞ്ഞക്കുപ്പായക്കാർ ഇത്രയും മികച്ച ഫോമിൽ നോക്കൗട്ടിലേക്ക് പ്രവേശിക്കുന്നത്.
ഇത്തവണ ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ്. കളിക്കാർക്ക് അദ്ദേഹം ഒരു പരിശീലകൻ മാത്രമല്ല, പിതൃതുല്യനായ വഴികാട്ടി കൂടിയാണ്. റയൽ മഡ്രിഡ് താരം റോഡ്രിഗോ പറഞ്ഞതുപോലെ, ‘മൈതാനത്തിന് പുറത്തിരിക്കുന്നവർക്ക് ‘മിസ്റ്റർ’ (ആഞ്ചലോട്ടി) എന്താണ് ചെയ്യാൻ പോകുന്നതെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്നാൽ അദ്ദേഹത്തിന് കൃത്യമായ പ്ലാനുകളുണ്ടാകും. പരുക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം 981 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ നെയ്മാറുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്. വിനീസ്യൂസ് ജൂനിയറിന്റെ അപാരമായ ഫോമും മത്തേയൂസ് കുഞ്ഞയുടെ ഗോൾവേട്ടയും ബ്രസീലിനെ അതിശക്തരാക്കുന്നു. റഫീഞ്ഞയുടെ പരുക്ക് മാത്രമാണ് ആഞ്ചലോട്ടിക്ക് മുന്നിലുള്ള ചെറിയൊരു തലവേദന. എങ്കിലും പത്തൊമ്പതുകാരൻ റയാൻ ആ കുറവ് നികത്താൻ പ്രാപ്തനാണെന്ന് തെളിയിച്ചു കഴിഞ്ഞു.
ഇതുവരെ ലോകകപ്പിന്റെ പ്രീക്വാർട്ടർ കടമ്പ കടക്കാൻ ജപ്പാന് സാധിച്ചിട്ടില്ല. 2002ൽ തുർക്കിയും 2018ൽ ബെൽജിയവും 2022ൽ ക്രൊയേഷ്യയും ജപ്പാന്റെ സ്വപ്നങ്ങൾക്ക് തടയിട്ടു. എന്നാൽ ഇത്തവണ ഹാജിമെ മൊറിയാസു എന്ന തന്ത്രശാലിയായ കോച്ചിന് കീഴിൽ ചരിത്രം തിരുത്താനാണ് സമുറായ് പടയുടെ ഭാവം. നെതർലൻഡ്‌സിനോടും സ്വീഡനോടും സമനില പാലിച്ചും തുനീസിയയെ 4-0 ന് തകർത്തും ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ വരുന്നത്.
ക്യാപ്റ്റൻ വതാരു എൻഡോ, സൂപ്പർ താരം കാവോരു മിതോമ എന്നിവരുടെ പരുക്കുകൾ ടീമിനെ അലട്ടുന്നുണ്ടെങ്കിലും കഴിഞ്ഞ 10 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ജപ്പാന്റെ വരവ്. ഇതിൽ കഴിഞ്ഞ ഒക്ടോബറിൽ ടോക്കിയോയിൽ വച്ച് ബ്രസീലിനെ 3-2 ന് അട്ടിമറിച്ച മത്സരവും ഉൾപ്പെടുന്നു. ആ വിജയം നൽകുന്ന ആത്മവിശ്വാസം ജപ്പാന് ചെറുതല്ല. അയാസെ ഉവേദ എന്ന സ്ട്രൈക്കറുടെ ഫോമിലാണ് ജപ്പാന്റെ പ്രധാന പ്രതീക്ഷ. കൂടാതെ 39-ാം വയസ്സിലും അഞ്ചാം ലോകകപ്പ് കളിച്ച് ഏഷ്യൻ റെക്കോർഡിട്ട യൂട്ടോ നാഗത്തോമോയുടെ പരിചയസമ്പത്തും ജപ്പാന് കരുത്താകും.

