Wednesday, June 17, 2026

ഹൈക്കോടതി അനുമതി; ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ ലോക ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനം തുടരും

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ ലോക ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനത്തിന് ഹൈക്കോടതി അനുമതി. ടൗൺ ഹാൾ സൗജന്യമായി നൽകിയ നഗരസഭ കൗൺസിൽ തീരുമാനം മരവിപ്പിച്ച തദ്ദേശ വകുപ്പിൻ്റെ നടപടിക്കെതിരെ സംഘാടകർ ഹൈകോടതിയിൽ നൽകിയ ഹർജിയിലാണ് കളി തത്ക്കാലം നിർത്തിവെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്. സർക്കാർ നിലപാട് അറിഞ്ഞ ശേഷം ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. ഈ സാഹചര്യത്തിൽ പ്രദർശനം തുടരുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പ്രദർശനത്തിന് ഇതുവരെ ഒരു മുടക്കവും ഉണ്ടായിട്ടില്ലെന്നും സംഘാടകർ പറഞ്ഞു. ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനത്തിന് ടൗൺ ഹാൾ റദ്ദാക്കിയ ഉത്തരവുമായി നഗരസഭ ഉദ്യോഗസ്ഥർ ഇന്നലെ ഹാളിൽ എത്തിയിരുന്നുവെങ്കിലും സംഘാടകരും ഫുട്ബോൾ പ്രേമികളും ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. കൂടാതെ ഇന്ന് ഇത് സംബന്ധിച്ച് ഹർജി ഹൈക്കോടതി പരിഗണിക്കുന്നതായും ഹൈക്കോടതി ഉത്തരവനുസരിച്ച്  തീരുമാനം കൈക്കൊള്ളാമെന്നും സംഘാടകർ അറിയിച്ചിരുന്നു. ഇതോടെ ഉത്തരവ് ടൗൺ ഹാളിൻ്റെ വാതിലിൽ പതിച്ച് ഉദ്യോഗസ്ഥർ മടങ്ങുകയാണുണ്ടായത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments