ചാവക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് നിറം പകരാൻ ചാവക്കാട് നഗരത്തിൽ നാളെ ഡി.ജെ വൈബ്. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചുമണിക്ക് ബസ് സ്റ്റാൻഡ് ചത്വരത്തിൽ നടക്കുന്ന പരിപാടിയിൽ മേഖലയിലെ വിവിധ ക്ലബ്ബുകളും സംഘടനാ പ്രവർത്തകരും പങ്കെടുക്കും. ഫുട്ബോൾ ആരാധകർ ടീമുകളുടെ ജേഴ്സികളണിഞ്ഞ് പതാകയുമായി എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. ഫുട്ബോൾ ലഹരി നഗരത്തിലേക്ക് എത്തിക്കുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനവും സമ്മാന പെരുമഴയും ബിഗ് സ്‌ക്രീൻ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും എൻ.കെ അക്ബർ എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച് അക്ബർ അധ്യക്ഷത വഹിക്കും. മത്സരങ്ങൾ കാണാൻ എത്തുന്ന ഫുട്ബോൾ പ്രേമികൾക്കായി ആകർഷകമായ ‘ഫിഫ വേൾഡ് കപ്പ് സമ്മാന പെരുമഴ’യും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

