വലപ്പാട്: കാപ്പ ഉത്തരവ് പ്രകാരം മൂന്നുവധശ്രമകേസടക്കം 16 ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട നിധിനെ നാടുകടത്തി. നാട്ടിക ചെമ്മാപ്പിള്ളി വെള്ളാഞ്ചേരി വീട്ടിൽ നിതിൻ (വക്കാണം കുട്ടു-32) യാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് നാടുകടത്തിയത്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരയണൻ ടി ഐ പി എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. നിതിന്റെ പേരിൽ വലപ്പാട് വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമ കേസുകൾ, ലഹരിക്കടിമപ്പെട്ട് മനുഷ്യജീവനപകടം വരത്തക്കവിധം വാഹനമോടിച്ച ഒരു കേസ്, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഒരു കേസ്, മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസ്, ആയുധ നിയമ പ്രകാരമുള്ള രണ്ടു കേസ്, ലഹരിക്കടിമപെട്ട പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്, നാല് അടിപിടികേസുകൾ എന്നിങ്ങനെ 16 കേസുകളുണ്ട്. കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ എ,എസ് ഐ ഹരി ,എസ് സി പി ഒ സുബി എന്നിവർ പ്രധാന പങ്ക് വഹിച്ചു.

