ഗുരുവായൂർ: സർക്കാർ അനുമതി ലഭ്യമാകാതെ ഗുരുവായൂർ ടൗൺ ഹാൾ, ലോകകപ്പ് ഫുട്ബോൾ ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് നൽകേണ്ടതില്ലെന്ന് തൃശൂർ ജോയിന്റ് ഡയറക്ടർ ശ്യാമലക്ഷ്മി. ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച് ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഔദ്യോഗികമായി കത്ത് നൽകിയത്. കൗൺസിൽ തീരുമാനം റദ്ദ് ചെയ്യാൻ വകുപ്പ് 57 പ്രകാരം സർക്കാരിലേക്ക് അടിയന്തരമായി റിപ്പോർട്ട് ചെയ്യാമെന്നും ക്രമസമാധാന പാലനത്തിന് പോലീസ് സഹായം ആവശ്യമാണെങ്കിൽ ഇത് ലഭ്യമാക്കുന്നതിന് നഗരസഭാ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. ഇത്രയും ആളുകൾ കൂടുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നും ലോകകപ്പ് ഫുട്ബോൾ പ്രദർശിപ്പിക്കുന്നതിന് സംപ്രേക്ഷണ അവകാശം ലഭിച്ചിട്ടുള്ള ചാനലിന്റെ അനുമതിയില്ലാതെ ഫുട്ബോൾ പ്രദർശനം സംഘടിപ്പിക്കുന്നത് കോപ്പിറൈറ്റ് ആക്ട് ലംഘനമായതിനാൽ ഇത് നഗരസഭയ്ക്ക് ഗുരുതരമായ നിയമ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുമെന്നും കത്തിൽ പറയുന്നു.

