Sunday, June 14, 2026

നൂറോളം ദേവാലയ മോഷണ കേസുകളിലെ പ്രതി ‘കോഴി പൗലോസ്’ പോലീസിന്റെ വലയിൽ

തൃശൂർ: തൃശൂർ, എറണാകുളം ജില്ലകളിലെ നൂറോളം ആരാധനാലയങ്ങളിൽ കവർച്ച നടത്തിയിട്ടുള്ള  കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാവ് പോലീസ് പിടിയിൽ. നെടുംമ്പാശ്ശേരി മേക്കാട് സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ ‘കോഴി പൗലോസ്’  എന്നു വിളിക്കുന്ന പൗലോസ്’ ( 68 വയസ്സ് )  തൃശ്ശൂർ റൂറൽ പോലീസിന്റെ വലയിലായി. മഴക്കാല മോഷണങ്ങൾ തടയുന്നതിനായി തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ മാസം മാള, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ ക്ഷേത്രങ്ങളിലും പള്ളികളിലും നടന്ന ഭണ്ഡാര മോഷണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. വർഷത്തിൽ ആറുമാസം ജയിൽവാസവും, പുറത്തിറങ്ങിയാൽ തൊട്ടടുത്ത ദിവസം മുതൽ വീണ്ടും മോഷണവുമായി ജീവിക്കുന്നതാണ് പൗലോസിന്റെ രീതി. കൊടുങ്ങല്ലൂർ, മാള, കാട്ടൂർ, പുത്തൻവേലിക്കര, വെള്ളിക്കുളങ്ങര, വടക്കേക്കര, കൊടകര, ചാലക്കുടി, അങ്കമാലി തുടങ്ങി ഇരുപതോളം സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നൂറോളം കേസുകളുണ്ട്. രാത്രികാലങ്ങളിൽ ദീർഘദൂര ബസ്സുകളിൽ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ് ഇയാളുടെ രീതി. തുടർന്ന് ആളൊഴിഞ്ഞ പറമ്പുകളിലോ കാടുകളിലോ ഒളിച്ചിരിക്കും. അർദ്ധരാത്രിയോടെ ആരാധനാലയങ്ങളുടെ പൂട്ടുപൊളിച്ച് അകത്തുകയറി ഭണ്ഡാരങ്ങൾ കവരുകയാണ് പതിവ്. പോലീസിന്റെ നിഴൽ കണ്ടാൽ പോലും അതിവേഗം മുങ്ങാൻ മിടുക്കനായ ഇയാളെ ഞായറാഴ്ച വൈകിട്ടോടെ വട്ടപറമ്പിൽ വെച്ചാണ്  പോലീസ് വളഞ്ഞത്. അങ്കമാലി പോലീസിന്റെ കൂടി സഹായത്തോടെയായിരുന്നു അറസ്റ്റ്.  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി  ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സന്തോഷ് കുമാർ, മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് ആർ , ജി എസ്.ഐമാരായ ഒ.പി.അനിൽകുമാർ, പി.ജയകൃഷ്ണൻ, എ.എസ്.ഐ. ഇ.എസ്.ജീവൻ, സി.പി.ഒമാരായ കെ.ജെ.ഷിന്റോ, കൃഷ്ണദാസ്, വഹദ്, നിനൽ എന്നിവരടങ്ങിയ സംഘമാണ് കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments