തൃശൂർ: കടയുടെ ബോർഡ് തകർന്ന് വീണ് കാറിന് തകരാർ സംഭവിച്ചതിൽ അര ലക്ഷം രൂപയും പലിശയും നൽകാൻ വിധി. തൃശൂർ ഇരിങ്ങാലക്കുടയിലുള്ള വടക്കൻ വീട്ടിൽ വി.ടി ജോയ് ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ മൂലൻസ് ഫാമിലി മാർട്ട് ഉടമ സാജുവിനെതിരെയാണ് തൃശൂർ ഉപഭോക്തൃ കോടതി വിധി പ്രസ്താവിച്ചത്. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് കടയുടെ പാർക്കിങ്ങ് ഏരിയയിൽ പാർക്ക് ചെയ്ത ജോയിയുടെ കാറിൽ കടയുടെ ബോർഡ് വീണ് തകരാറുകൾ സംഭവിച്ചത്. തന്നെയുമല്ല കടയിൽ നിന്ന് സാധനം വാങ്ങിയതിൻ്റെ തെളിവായ ബില്ലാകട്ടെ മാഞ്ഞു പോകുന്ന അവസ്ഥയിലുള്ളതുമായിരുന്നു. പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ല. തുടർന്നാണ് ജോയ് നഷ്ടം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ബോർഡ് വീഴാനിടയായത് എതിർകക്ഷിയുടെ അശ്രദ്ധ മൂലമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 40,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാനും ഹർജി തിയ്യതി മുതൽ 9 % പലിശ നൽകുവാനും കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. കൂടാതെ മാഞ്ഞു പോകുന്ന ബിൽ നൽകുന്നത് അനുചിത ഇടപാടാണെന്നും ഭാവിയിൽ മാഞ്ഞുപോകാത്ത ബില്ലുകൾ നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

