തൃശ്ശൂർ : പുഴയ്ക്കലിലെ സ്ഥാപനത്തിൽ സുരക്ഷാജീവനക്കാരനെ കെട്ടിയിട്ട് പണം കവർന്ന കേസിലെ പ്രതികളിൽ ഒരാൾ മധ്യപ്രദേശിൽ പിടിയിലായി. കാർഗോൺ ജില്ലയിലെ ചാൺപുർ സ്വദേശി കിഷൻ യാദവിനെയാണ് (29) തൃശ്ശൂർ പോലീസ് പിടികൂടിയത്. മേയ് 31-നാണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷിച്ചത്. സുരക്ഷാജീവനക്കാർ നൽകിയ മൊഴിയനുസരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമുള്ള അന്വേഷണത്തിലും നാലുപേർ സംഘത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായി. വിശദമായ അന്വേഷണത്തിലാണ് പ്രതികളിലൊരാൾ മധ്യപ്രദേശിലുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്. തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് അസി. കമ്മിഷണർ സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘവും വെസ്റ്റ് പോലീസ് അന്വേഷണസംഘവും ചേർന്ന് മധ്യപ്രദേശിലേക്കു പോയി. ദിവസങ്ങളോളമുള്ള അന്വേഷണത്തിൽ സിസിടിവിയിൽനിന്നു ലഭിച്ച ചിത്രവുമായി രൂപസാദൃശ്യമുള്ളയാളെ ഉൾഗ്രാമത്തിൽനിന്ന് കണ്ടെത്തി. പിന്നീട് സാഹസികമായി പ്രതിയെ പിടികൂടി തൃശ്ശൂരിലെത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഇ. അബ്ദുൾ റഹ്‌മാൻ, സബ് ഇൻസ്പെക്ടർമാരായ സിസിൽ ക്രിസ്റ്റ്യൻരാജ്, ബിജു പോൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പഴനിസ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ വിഷ്ണു, ശ്രീജിത്ത്, അരുൺ, സുശാന്ത്, സജി ചന്ദ്രൻ, സുനീബ്, സൈമൺ, അനിൽകുമാർ, നൈജോൺ, ഹരീഷ്, ദീപക്ക് എന്നിവരാണ് ഉണ്ടായിരുന്നത്.