ചാവക്കാട്: പാലുവായ് കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം വർണ്ണാഭമായി. ഇന്ന് പുലർച്ചെ മൂന്നിന് നട തുറക്കൽ, നിർമ്മാല്യ ദർശനം, വാകച്ചാർത്ത് എന്നീ വിവിധ ചടങ്ങുകൾ നടന്നു. ഉച്ചയ്ക്ക് 12ന് താലവും വാദ്യമേളങ്ങളുമായി വടക്കും വാതുക്കൽ ഗുരുതി, ഉച്ചപൂജ എന്നിവയും 1.30ന് എഴുന്നള്ളിപ്പും നടന്നു. ഉച്ച തിരിഞ്ഞ് മൂന്നു മുതൽ ക്ഷേത്രത്തിൽ വിവിധ ദേശപൂരങ്ങൾ എത്തിച്ചേർന്നു. രാത്രി കേളി, തായമ്പക എന്നിവ ഉണ്ടായി. 11. 30 മുതൽ വാദ്യമേളങ്ങളും താലവുമായി ദേശപൂരങ്ങളുടെ വരവും തുടർന്ന് പ്രത്യേകം സജ്ജമാക്കിയ 10 വേദികളിലായി ഐവർക്കളി, കോൽക്കളി എന്നിവ അരങ്ങേറും. പുലർച്ചെ രണ്ടിന് എഴുന്നള്ളിപ്പും നടക്കും. നാളെ നടക്കുന്ന താഴേക്കാവ് ഉത്സവത്തിന് മുല്ല പുഴക്കൽ കുടുംബത്തിൽ നിന്നുള്ള പാരമ്പര്യ വേല വരവ്, കുതിര കാളകളുടെ കാവ് കയറ്റം എന്നിവ ഉണ്ടാകും. വിവിധ വഴിപാട് എഴുന്നള്ളിപ്പുകൾ, കാളി കരിങ്കാളി വേഷങ്ങളുടെ കാവുകയറ്റം , ദാരികാവധം എന്നിവ ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഗുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.വി ശ്രീനിവാസൻ, സെക്രട്ടറി കെ.കെ അപ്പുണ്ണി, ട്രഷറർ സി.എസ് അനൂപ്, വൈസ് പ്രസിഡണ്ട് മാരായ കെ.എസ് ബിജു, കെ.ബി ദിലീപ് ഘോഷ്, ജോയിൻ്റ് സെക്രട്ടറിമാരായ എം.എ സുനേഷ്, എൻ.കെ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.