ചാവക്കാട്: കാസ്‌കയുടെ നേതൃത്വത്തിൽ രണ്ടാമത് ആൾ കേരള ഇൻ്റർ ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ മേള ശനിയാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 മുതൽ രാത്രി 8.30 വരെ പാവറട്ടി സർ സയിദ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അരീന ടർഫിൽ വെച്ച് നടക്കുന്ന ഫുട്ബോൾ മേള തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി താരം സി.വി. സണ്ണി മുഖ്യാതിഥിയാകും. എൻ.കെ. അക്ബർ എം.എൽ.എ ട്രോഫികൾ സമ്മാനിക്കും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ബാർ അസോസിയേഷനുകളിലെ 15 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. കൂടാതെ അഭിഭാഷകർ, കേരള പോലീസ്, കോടതി സ്റ്റാഫ്, കേരള എക്സൈസ്, അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ എന്നിവർക്കായി ജില്ലാ തലത്തിൽ പ്രത്യേക മത്സരവും വനിത അഭിഭാഷകരുടെ സൗഹൃദ മത്സരവും നടക്കും. കാസ്ക സെക്രട്ടറി ടി.ആർ അജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സിജു മുട്ടത്ത്, കെ നാരായണൻ, കെ.ആർ രജിത് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.