തൃശൂർ: രാത്രി സമയങ്ങളിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കിയ കേസിൽ പ്രതിയായ ചാവക്കാട് സ്വദേശിക്ക് മൂന്നര വർഷം തടവും 16,000 രൂപ പിഴയും ശിക്ഷ. ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലനെയാണ് തൃശൂർ എസ്.സി -എസ്ടി സ്പെഷ്യൽ കോടതി ജഡ്ജ് കെ കമനീസ് ശിക്ഷിച്ചത്. വീട്ടിൽ പശുക്കളെ വളർത്തുന്ന പ്രതി കറവക്കായി പുലർച്ചെ 3.30 ന് എഴുന്നേറ്റ് പരിസരത്തെ വീടുകളിൽ ഒളിഞ്ഞുനോട്ടം സ്ഥിരമാക്കുകയായിരുന്നു. പരാതിക്കാരൻ്റെ വീട്ടു പരിസരത്ത് അസമയങ്ങളിൽ പ്രതിയെ കണ്ടപ്പോൾ പരാതിക്കാരൻ സി.സി.ടിവി ക്യാമറ സ്ഥാപിച്ചു. ഇതറിയാതെ പ്രതി പരാതിക്കാരൻ്റെ കിടപ്പുമുറിയുടെ ജനലിൽ കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി ഒളിഞ്ഞു നോക്കി. ഈ ദൃശ്യം ക്യാമറയിൽ പതിഞ്ഞു. കാൽപാടുകൾ ചൂലുകൊണ്ട് മാച്ചു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് പരാതിക്കാരൻ ദൃശ്യം സഹിതം പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ കൃഷ്ണൻ ഹാജരായി.