ഗുരുവായൂർ: പാര്‍ട്ടി വിപ്പ് ലംഘിച്ച് ഗുരുവായൂർ അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തിയ ഡി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ള അഞ്ച് പേര്‍ക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി യതീന്ദ്രദാസ്, കെ.ഡി വീരമണി, ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയന്‍, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താര്‍, പൂക്കോട് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആന്റോ തോമസ് എന്നിവര്‍ക്കാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ നോട്ടീസ് അയച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അബ്ദുള്‍ മുത്തലീബ്, എ.എ ഷുക്കൂര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം ലീഗുകാരനായ വൈസ് ചെയര്‍മാന്‍ ആര്‍.എ അബൂബക്കറിനെതിരെയാണ് അവിശ്വാസം കൊണ്ടുവന്നിരുന്നത്. എന്നാൽ അവിശ്വാസം പരാജയപ്പെട്ടിരുന്നു.