Wednesday, June 10, 2026

ശസ്ത്രക്രിയ നടത്താൻ 5000 രൂപ കൈക്കൂലി; ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ റിമാന്റിൽ

ചാവക്കാട്: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ 16 വരെ തൃശ്ശൂർ വിജിലൻസ് കോടതി റിമാന്റ് ചെയ്തു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ് വി കോശി, അനസ്തേഷ്യോളജിസ്റ്റ് ഡോ. വീണാ വർഗീസ് എന്നിവരാണ് റിമാന്റിലായത്. ബുധനാഴ്ച ഉച്ചക്കാണ് ഇരുവരേയും വിജിലൻസ് ഡിവൈ.എസ്.പി സി.ജി ജിം പോളിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പൂവ്വത്തൂർ സ്വദേശി ആഷിക്കിന്റെ ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയ നടത്തുന്നതിനാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പ്രദീപ് കോശി മൂവ്വായിരം രൂപയും വീണ വര്‍ഗീസ് രണ്ടായിരം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതോടെ ആഷിക് വിജിലൻസിനെ ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് വിജിലൻസ് സംഘം നൽകിയ പണം ആഷിക്ക് ഡോക്ടർമാർക്ക് കൈമാറിയ ഉടൻ തന്നെ വിജിലൻസ് സംഘം ഇരുവരേയും കയ്യോടെ പൊക്കുകയായിരുന്നു. പിടിയിലായ ഡോക്ടർമാരുടെ ഡയറിക്കുറിപ്പുകൾ ഉൾപ്പെടെയുള്ള രേഖകൾ തുടരന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് പരിശോധിക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ പേരിൽ നേരത്തെയുണ്ടായ കൈക്കൂലി ആരോപണങ്ങളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments