ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. ഏങ്ങണ്ടിയൂർ ഗാനം നഗർ സ്വദേശി തച്ചപ്പിള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്. ഗോപാലകൃഷ്ണന്റെ മകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂളിന് സമീപത്തെ വീട്ടുവളപ്പിലായിരുന്നു സംഭവം. വീടിന് പുറകിൽ മരത്തിലുണ്ടായിരുന്ന കൂടിളകിയതിനെ തുടർന്ന് കടന്നൽ കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൾ രശ്മി, അയൽവാസികളായ സമ്പത്ത്, സ്മിജേഷ്, അജിത്ത്, സിന്ധു എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ഏങ്ങണ്ടിയൂർ എം.ഐ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വയോധികന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.