ഗുരുവായൂർ: മലയാളിക്ക് എക്കാലത്തും ഉൾക്കൊള്ളാവുന്ന അഭിനയ പ്രതിഭ കെ.പി.എ.സി ലളിതയെന്ന് സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ഗുരുവായൂർ മേഖല കമ്മിറ്റി ഇന്ന് സംഘടിപ്പിച്ച കെ.പി.എ.സി ലളിത അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വഭാവിക അഭിനയം കൊണ്ടും കഥാപാത്ര അവതരണത്തിലെ വൈവിധ്യങ്ങൾ കൊണ്ടും അവർ ശ്രദ്ധേയയായി. പൊതു സമൂഹത്തോട് ഏറ്റവും നിഷ്കളങ്കമായ നിലയിലുള്ള ബന്ധം കാത്തു സൂക്ഷിക്കാനും കെ.പി.എ.സി ലളിതക്ക് കഴിഞ്ഞിരുന്നതായി അദ്ദേഹം അനുസ്മരിച്ചു.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും മുൻ എം.എൽ.എയുമായ കെ.വി അബ്ദുൾ ഖാദർ, പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി അഡ്വ. വി.ഡി പ്രേംപ്രസാദ്, ചിത്രകാരൻ ഗായത്രി, എം.ജി നിമൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എ ശ്രീകുമാർ സ്വാഗതവും പ്രസിഡൻ്റ് എം.സി സുനിൽ കുമാർ നന്ദിയും പറഞ്ഞു.