മലപ്പുറം: സർക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. എതിർക്കേണ്ട കാര്യങ്ങൾ എതിർത്ത പാരമ്പര്യവുമുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയുടെ മലപ്പുറം ജില്ല സുവർണ ജൂബിലി സമാപന സമ്മേളനത്തിലാണ് ജിഫ്രി തങ്ങൾ നിലപാട് വ്യക്തമാക്കിയത്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട സമരം ആലോചിക്കുന്നതിന് നാളെ ലീഗ് യോഗം ചേരാനിരിക്കെയാണ് ജിഫ്രി തങ്ങൾ സമസ്ത സർക്കാരിനൊപ്പമാണെന്ന് തുറന്നടിച്ചത്.
രാഷ്ട്രീയ പാർട്ടികൾ വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ല. തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നത്. വധഭീഷണിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.