ചാവക്കാട്: ചാവക്കാട് ഖരാനയുടെ നേതൃത്വത്തില്‍
ചാവക്കാടിന്റെ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന ത്രിദിന സാംസ്കാരികോത്സവം ‘നെയ്തല്‍’ ഒക്ടോബർ 30, 31, നവംബർ ഒന്ന് എന്നീ ദിവസങ്ങളിലായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാടിന്റെയും പ്രാന്ത പ്രദേശത്തുമുള്ള വിവിധ കലാകാരന്മാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഖരാനയുടെ ദേശീയ ഉത്സവമായി ഇത് മാറ്റുമെന്ന് സമിതി സംഘാടകർ അറിയിച്ചു. ഒക്ടോബര്‍ 30ന് രാവിലെ 11ന് സ്വാഗതസംഘം ചെയര്മാന് എന്‍.കെ അക്ബര്‍ എംഎല്‍എ പതാക ഉയര്‍ത്തും. തുടര്‍ന്ന് ചിത്രരചന ശിബിരവും ചിത്രപ്രദര്‍ശനവും നടക്കും. വൈകീട്ട് നാലിന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി. അനന്ദകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കവി റഫീക്ക് അഹമ്മദ് പങ്കെടുക്കും. തുടര്‍ന്ന് ‘കേരളീയതയുടെ അര്‍ത്ഥാന്തരങ്ങള്‍’ എന്ന വിഷയത്തില്‍ കാലടി ശങ്കരാചാര്യ സര്‍വകലാശാല പ്രൊഫസര്‍ ഡോ. എം.സി അബ്ദുള്‍ നാസര്‍ പ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് അരങ്ങുണര്‍ത്തല്‍, അഷ്ടപദി കച്ചേരി തുടര്‍ന്ന് ബ്രഹ്മാനന്ദന്, എ.എം രാജ എന്നിവരുടെ ‘സ്മൃതിലയം’ എന്നിവ അരങ്ങേറും. ഒക്ടോബര്‍ 31ന് രാവിലെ 11ന് കവിയരങ്ങ്, വൈകീട്ട് അഞ്ചിന് മാപ്പിള കല രംഗാവതരണവും ഉണ്ടാകും. വൈകീട്ട് നടക്കുന്ന പ്രഭാഷണ പരിപാടി സി.വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ‘കേരളവും ജനാധിപത്യ സമസ്യകളും’ എന്ന വിഷയം പി.എന്‍ ഗോപീകൃഷ്ണന് അവതരിപ്പിക്കും. തുടര്‍ന്ന് മഴ മുഹമ്മദ് അവതരിപ്പിക്കുന്ന ഗസല്‍ സദസ്സ് നടക്കും. നവംബര്‍ ഒന്നിന് വിദ്യര്‍ത്ഥികൾക്കായുള്ള പ്രശ്നോത്തരി, വൈകീട്ട് നാലിന് നടക്കുന്ന സമാദരണ സദസ്സിൽ കവി രാധാകൃഷ്ണന് കാക്കശ്ശേരി, കേരളത്തിലെ ആദ്യ ആഴകടല്‍ മത്സ്യബന്ധന ലൈസന്‍സ് നേടിയ രേഖ കാര്ത്തികേയന്, നാദസ്വര വിദ്യാന് ഗോപി ഒരുമനയൂര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് നാട്യമേളങ്ങളുടെ രംഗാവതരണം അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. ‘കേരളീയ നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും ‘എന്ന വിഷയം അദ്ദേഹം അവതരിപ്പിക്കും. തുടര്‍ന്ന് രാത്രി ഏഴിന് മുഹമ്മദ് അസ്ലാമിന്റെ റാഫി തരംഗം സംഗീതപരിപാടിയും ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു. ഭാരവാഹികളായ നഗരസഭ ചെയര്മാന് എ.എച്ച് അക്ബര്‍, ഖരാന പ്രസിഡന്റ് കെ.എ മോഹന്‍ദാസ്, സെക്രട്ടറി ടി.സി കോയ, പി.കെ അന്‍വര്‍, കെ.വി രവീന്ദ്രന്, എം. കബീര്‍, വി.ബി അജിത് രാജ്, ജാഫര്‍ ലിമ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
