Sunday, October 25, 2026

സേഫ് പദ്ധതി; ‘അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടണം’ – സി മുസ്താഖ് അലി

ചാവക്കാട്: പട്ടികജാതി ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി മുസ്താഖ് അലി. സംസ്ഥാന സർക്കാർ പട്ടികജാതിക്കാർക്ക് നടപ്പിലാക്കുന്ന ഭവന പുനരുദ്ധാരണ പദ്ധതിയായ സേഫ് പദ്ധതിക്ക് ഒക്ടോബർ 31 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. എന്നാൽ ബഹുഭൂരിപക്ഷം പട്ടികജാതിക്കാർക്കും അപേക്ഷ നൽകുവാൻ ഇതുവരെ സാധിച്ചിട്ടില്ല. അപേക്ഷ നൽകുന്നതിന് താലൂക്ക് ഓഫീസിൽ നിന്ന് ജാതി സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസിൽ നിന്നും കൈവശ സർട്ടിഫിക്കറ്റ്, പഞ്ചായത്തിൽ  നിന്നും  ഉടമസ്ഥാവകാശ  സർട്ടിഫിക്കറ്റ്, കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പഞ്ചായത്തിൽ നിന്നും വീട് പുനരുദ്ധാരണ പദ്ധതിക്ക് സഹായം ലഭിച്ചിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ്, വീടിന്റെ കാലപ്പഴക്കം കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും നൽകണം. ഇതിൽ പല സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതിന് ആധാരത്തിന്റെ പകർപ്പ് ആവശ്യമാണ്. ബഹുഭൂരിപക്ഷം പട്ടികജാതിക്കാരുടെയും ആധാരം ബാങ്കുകളിൽ പണയത്തിലാണ്. കൈവശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ബാങ്കിൽ ആധാരം ഉണ്ടെന്നുള്ള സാക്ഷ്യപത്രവും ആവശ്യമാണ്. കഴിഞ്ഞ ഒരാഴ്ചക്കാലം ഗവൺമെന്റ് ഓഫീസുകൾ സ്ഥിരമായി അവധി ആയതുകൊണ്ട് ജനങ്ങൾക്ക് മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ അപേക്ഷ നൽകിയിട്ടും ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും ഇതുമൂലം ഭവന പുനരുദ്ധാരണ പദ്ധതിയായ സേഫ് പദ്ധതിയുടെ അപേക്ഷ നൽകുവാനുള്ള തീയതി നീട്ടണമെന്നും മുസ്താഖ് അലി ആവശ്യപ്പെട്ടത്. പാവപ്പെട്ട പട്ടികജാതിക്കാർക്ക് ഏറെ സഹായകരമായിട്ടുള്ള പദ്ധതിയായ പട്ടികജാതിക്കാർക്കുള്ള ഭവന പുനരുദ്ധാരണ  പദ്ധതിയായ  സേഫ് പദ്ധതിപ്രകാരം 2 ലക്ഷം രൂപയാണ് ലഭിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments