ചാവക്കാട്: തകർന്നു കിടക്കുന്ന ചാവക്കാട്-ചേറ്റുവ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് മോട്ടോർ തൊഴിലാളികൾ ചാവക്കാട് ബൈപ്പാസിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സമിതി അംഗം സേതു തിരുവെങ്കിടം ധർണ്ണ ഉദ്ഘാടനം ചെയ്തു. ഒരു കോടി 63 ലക്ഷം രൂപയാണ് തകർന്നു കിടക്കുന്ന ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി നാഷണൽ ഹൈവേ അതോറിറ്റി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിട്ടുള്ളത്. എന്നാൽ കരാറുകാരൻ 14% വർദ്ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം അംഗീകരിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മാത്രമേ കഴിയൂ. എന്നാൽ അധിക തുക ആര് നൽകും എന്നതിലും അവ്യക്തത നിലനിൽക്കുകയാണ്. ഇടയ്ക്കിടെയുള്ള മഴയും ശബരിമല സീസണും വന്നാൽ ഇതിലൂടെ പോകുന്ന വാഹനങ്ങളും ചാവക്കാട് മേഖലയിലെ ജനങ്ങളും കൂടുതൽ ദുരിതം പേറേണ്ടി വരുമെന്നും സേതു തിരുവെങ്കിടം അഭിപ്രായപ്പെട്ടു. കലക്ടറും എംഎൽഎയും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോട്ടോർ ആൻഡ് എൻജിനീയറിങ് മസ്ദൂർ സംഘം ജില്ല സെക്രട്ടറി കെ. ഹരീഷ് അധ്യക്ഷത വഹിച്ചു.ബിഎംഎസ് ഗുരുവായൂർ മേഖല സെക്രട്ടറി കെ.എ ജയതിലകൻ, മത്സ്യ മസ്ദൂർ സംഘം സംസ്ഥാന സെക്രട്ടറി കെ.വി ശ്രീനിവാസൻ, ഓട്ടോറിക്ഷ മസ്ദൂർ സംഘം മേഖല പ്രസിഡണ്ട് കെ.ടി മുഹമ്മദ് യൂനസ്, നഗരസഭ പ്രസിഡണ്ട് കെ.വി രാമചന്ദ്രൻ, സെക്രട്ടറി ആർ.പി ഷിജിത്ത്, യു.വി ശ്രീവാസൻ എന്നിവർ സംസാരിച്ചു.
