യുവാക്കളെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുട്ടൻതറ വില്ലേജ് പേരാമ്പ്ര സ്വദേശി പതിക്കപറമ്പിൽ വീട്ടിൽ നിഷാദ് (41) ആണ് അറസ്റ്റിലായത്. കുന്നത്തങ്ങാടി ഹിൽടോപ്പ് ബാറിന് സമീപം വെച്ച് അരിമ്പൂർ പള്ളിപ്പെരുന്നാളിന് പോവുകയായിരുന്ന സ്ത്രീയെയും മകളെയും ശല്യം ചെയ്തത് അരണാട്ടുകര എൽത്തുരുത്ത് സ്വദേശി ചിറയത്ത് വീട്ടിൽ ആൽവിൻ റാഫി (18), ഒളരി ബംഗ്ലാവ് റോഡ് സ്വദേശി ചോഴിയാട്ടിൽ വീട്ടിൽ വിബീഷ് (19) എന്നിവർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ പ്രതികൾ തിരികെയെത്തി കുന്നത്തങ്ങാടി ഹിൽടോപ്പ് ബാറിന് സമീപത്ത് വെച്ച് വിബീഷിനെ കത്തികൊണ്ട് തുടയിലും നെഞ്ചിലും വയറിലും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. വിബീഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ച ആൽവിൻ റാഫിയെയും വയറിൽ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ കേസെടുത്ത അന്തിക്കാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനെടുവിലാണ് ഒന്നാം പ്രതിയായ നിഷാദിനെ നേരം പുലരും മുമ്പ് പിടികൂടിയത്. അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ മിഥുൻ കെ പി, എസ് ഐ ഋഷിപ്രസാദ് ടി വി, ജി എസ് ഐ കൊച്ചുമോൻ ജേക്കബ്, ജി എ എസ് ഐ സിന്ധു, എസ് സി പി ഒ വിനോദ് കുമാർ, സി പി ഒ മാരായ വിനീത്, ഷാജഹാൻ, രാമചന്ദ്രൻ, ഷാജി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
