ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9ന് സംഘടിപ്പിക്കുന്ന ‘ലിറ്റിൽ ഫ്ലവർ എജ്യുക്കേഷണൽ കോൺക്ലേവ്’ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവി, പുതിയ സാധ്യതകൾ, അക്കാദമിക രംഗത്തെ മാറ്റങ്ങൾ, നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ പരിവർത്തന സാധ്യതകൾ, ഗവേഷണവും വ്യവസായബന്ധവും തുടങ്ങിയ പ്രധാന വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും. വെള്ളിയാഴ്ച രാവിലെ പത്തിന് കോളേജ് ക്യാമ്പസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ബോട്ടണി, സുവോളജി, എക്കണോമിക്സ്, ഇംഗ്ലീഷ് തുടങ്ങിയ ഡിപ്പാർട്ട്മെന്റ്കളുടെ കാലിക്കറ്റ് സർവകലാശാല അംഗീകരിച്ച ഗവേഷണ കേന്ദ്രങ്ങൾ ഉദ്ഘടാനം ചെയ്യും. കോളേജ് മാനേജർ സിസ്റ്റർ ഫോൺസി മരിയ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ മുഖ്യാതിഥിയാകും. കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത ശങ്കർ, മഹാത്മ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ സാബു തോമസ്, ഡോ. ഗിരീഷ് കുമാർ, ടി.ജെ മാർട്ടിൻ, മീര രാജീവൻ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രമായ സംവാദം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരും അക്കാദമിക നേതൃത്വവും പങ്കെടുക്കുെമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രിൻസിപ്പൾ സിസ്റ്റർ ഡോ. ജെ. ബിൻസി, കോർഡിനേറ്റർ ഡോ. ജസ്റ്റിൻ ജോർജ്, പ്രൊഫ. ഡോ. സിതാര ഉറുമ്പിൽ, സിസ്റ്റർ നിർമൽ മരിയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
