ഗുരുവായൂർ ദേവസ്വം വക മലപ്പുറം വെങ്ങാട് ഗോശാലയുടെ വികസനത്തിനായി തയ്യാറാക്കിയ 70 കോടി രൂപയുടെ സമഗ്രപദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർവ്വഹിച്ചു. വെങ്ങാട് ഗോശാലാ പരിസരത്ത് നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം. ദേവസ്വം ആഭിമുഖ്യത്തിൽ വെറ്ററിനറി കോളേജ് സ്ഥാപിക്കുന്ന കാര്യത്തിൽ വിശദമായ എസ്റ്റിമേറ്റ് സഹിതം റിപ്പോർട്ട് സമർപ്പിച്ചാൽ അടുത്ത ബജറ്റിൽ പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ദേവസ്വം നൽകുന്ന വിശദ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. എന്നിട്ടാകും ഈ കാര്യത്തിൽ ഉചിത തീരുമാനം എടുക്കുക -മന്ത്രി അറിയിച്ചു. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ. മുഖ്യാതിഥിയായി. റവന്യൂ (ദേവസ്വം) സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി.രാജമാണിക്കം വിശിഷ്ടാതിഥിയായിരുന്നു. വെങ്ങാട് ഡി ആർ കെ എ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെയായിരുന്നു ചടങ്ങിന് തുടക്കം. ദേവസ്വം ഭരണസമിതി അംഗം ശ്രീമതി എം.യു ഷിനിജ സ്വാഗതം പറഞ്ഞു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ആർ. രാജീവ്, ഹംസ കെ.പി, അബ്ബാസ് വാതുക്കാട്ടിൽ, സരോജ ദേവി ടീച്ചർ, എം.ടി. ഹംസ മാസ്റ്റർ, ഫൗസിയ പെരുമ്പിള്ളി, സത്യഭാമ കെ, വിവിധ രാഷ്ട്രീയ ,സാമുദായിക,സാമൂഹിക നേതാക്കൾ, നാട്ടുക്കാർ ,ദേവസ്വം മരാമത്ത് ,ഇലക്ട്രിക്കൽ, ജീവധനം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നന്ദി പറഞ്ഞു.
