ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ പദ്ധതിക്ക് തുടക്കമായി. നഗരസഭാതല ഉദ്ഘാടനം എൻ.കെ അക്ബർ എംഎൽഎ നിർവഹിച്ചു. സ്വച്ഛതാ ഹി സേവ 2026, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ സെക്കുലർ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷാനി റെജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. അനൂപ്, ക്ലീൻ സിറ്റി മാനേജർ എൻ.എസ് ഷൈൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഹർഷിദ് തുടങ്ങിയവർ സംസാരിച്ചു. ‘ഖരമാലിന്യചട്ടം 2026’ ന് ആസ്പദമാക്കി ചിത്രരചനാ മത്സരം, ശുചിത്വ ക്വിസ് മത്സരം എന്നിവയും ഉണ്ടായി.
