Tuesday, August 4, 2026

സർക്കിൾ ലൈവ് ന്യൂസിനെതിരെ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ്റെ വക്കീൽ നോട്ടീസ്

ഗുരുവായൂർ: സർക്കിൾ ലൈവ് ന്യൂസിനെതിരെ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ്റെ വക്കീൽ നോട്ടീസ്. ഗുരുവായൂർ വനിതാ സഹകരണ സംഘത്തിൽ വട്ടമെത്തിയ കുറിയുടെ തുക രണ്ടര വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന യുവാവിനെ പരാതിയുടെ വാർത്തയുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. വാർത്തയിൽ പ്രതിപാദിച്ച കുറിയുമായി ബന്ധപ്പെട്ട വിഷയം നടന്നത് 2023 ൽ ആണെന്നും, എന്നാൽ താൻ 2023 ന് ശേഷമാണ് സഹകരണ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതെന്നും നോട്ടീസിൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. താനൊരിക്കലും സംഘത്തിൻ്റെ വൈസ് പ്രസിഡണ്ടായിട്ടില്ല. തന്നെ പൊതുസമൂഹത്തിൽ മനപൂർവ്വം ഇകഴ്ത്തിക്കാട്ടാനുള്ള ഈ ശ്രമത്തിൽ മാപ്പുപറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അഡ്വ. മഹിമ രാജേഷ് മുഖേന ചെയർപേഴ്സൺ സുനിതാ അരവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. 

സർക്കിൾ ലൈവ് ന്യൂസ് എഡിറ്ററുടെ പ്രതികരണം👇

ജൂലൈ 26 നാണ്  ഇത് സംബന്ധിച്ച വാർത്ത സർക്കിൾ ലൈവ് ന്യൂസിൽ നൽകിയത്. ഗുരുവായൂർ വനിതാ സഹകരണ സംഘത്തിൽ, വട്ടമെത്തിയ കുറിയുടെ തുക രണ്ടര വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് കാട്ടി പാവറട്ടി പുതുമനശ്ശേരി സ്വദേശി രാഗേഷ് ഇത് സംബന്ധിച്ച് എൻ.കെ അക്ബർ എംഎൽഎക്കും ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്കും  പരാതി നൽകിയിരുന്നു. ഗുരുവായൂർ വനിതാ സഹകരണ സംഘത്തിൽ രാഗേഷും മാതാവും ചേർന്ന് 60,000 രൂപയുടെ രണ്ടു കുറികൾ ചേർന്നിരുന്നു. 2023 നവംബർ 30ന് കുറി അവസാനിച്ചു. എന്നാൽ വർഷം രണ്ടു കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. രാഗേഷിന് 51,000 രൂപയും മാതാവിനെ 54000 രൂപയുമാണ് ലഭിക്കാനുണ്ടായിരുന്നത്. കുറിത്തുക ലഭിക്കാതായതോടെ 2025 ജനുവരിയിൽ മുഖ്യമന്ത്രിക്ക് രഗേഷ് പരാതി നൽകി. തുടർന്ന് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഗുരുവായൂർ ടെമ്പിൾ പോലീസിന് കൈമാറി. ഇതുപ്രകാരം രണ്ടു മാസത്തിനകം കുറിത്തുക രാഗേഷിനും മാതാവിനും നൽകണമെന്ന് സഹകരണ സംഘം അധികൃതരെ പോലീസ് അറിയിച്ചു. തുടർന്ന് 2025  ഫെബ്രുവരിയിൽ രാഗേഷിന് 25000 രൂപ നൽകി. ബാക്കിവരുന്ന 80,000 രൂപ  രണ്ടുമാസത്തിനകം നൽകാമെന്നും  സഹകരണസംഘം അധികൃതർ അറിയിച്ചു. എന്നാൽ ഇതുവരെ ബാക്കി തുക നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതോടെയാണ് ഗുരുവായൂർ നഗരസഭ ചെയർമാൻ ഡയറക്ടർ ബോർഡ് അംഗമായ സഹകരണ സംഘത്തിൽ നിന്നും കുറിത്തുക ലഭിക്കുന്നതിന് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് രാകേഷ് എൻ.കെ അക്ബർ എംഎൽഎക്കും ഗുരുവായൂർ നഗരസഭ സെക്രട്ടറിക്കും പരാതി നൽകിയത്. ഇക്കാര്യമാണ് പരാതിയുടെ പകർപ്പ് സഹിതം സർക്കിൾ ലൈവ് ന്യൂസ് പ്രസിദ്ധീകരിച്ചത്. വാർത്തയിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ സുനിതാ അരവിന്ദൻ ഗുരുവായൂർ വനിതാ സഹകരണ സംഘം വൈസ് പ്രസിഡൻ്റാണെന്ന് പറഞ്ഞിരുന്നത്. വാർത്ത പ്രക്ഷേപണം ചെയ്ത് മണിക്കൂറുകൾക്കകം ചെയർപേഴ്സൺ സർക്കിൾ ലൈവ് ന്യൂസുമായി ബന്ധപ്പെടുകയും താൻ വനിത സഹകരണ സംഘത്തിൻ്റെ വൈസ് പ്രസിഡൻ്റല്ലെന്നും ഡയറക്ടർ ബോർഡ് അംഗമാണെന്നും അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ വാർത്ത തിരുത്തി സർക്കിൾ ലൈവ് ന്യൂസ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments