അഞ്ച് വർഷത്തെ ഇടവേളക്ക് പിന്നാലെ ശ്രീഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി ആന. ഇന്ന് ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിലായിരുന്നു കീർത്തിയാന പങ്കെടുത്തത്. വിജയകരമായി എഴുന്നള്ളിപ്പിൻ്റെ പ്രദക്ഷിണവും പൂർത്തിയാക്കി. 2021 ലാണ് ആനയെ ഒടുവിൽ ശീവേലിയിൽ പങ്കെടുപ്പിച്ചിരുന്നത്. പാപ്പാൻമാരായ വി.എസ് മഹേഷ്, യു. ഉണ്ണിക്കൃഷ്ണൻ, സി.വി വിബിൻ എന്നിവരുടെ പരിശ്രമവും ദേവസ്വം ജീവധനം ജീവനക്കാരുടെ പിന്തുണയുമാണ് ഇന്ന് വിജയം കണ്ടത്. ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹവും കീർത്തിക്ക് തുണയായി. ഇനി ആനക്കോട്ടയ്ക്ക് പുറത്തുള്ള എഴുന്നള്ളിപ്പുകളിലും കീർത്തിയെ പങ്കെടുപ്പിക്കാനാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.

