Saturday, June 27, 2026

നോർവേയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യൻമാർ

ഒസ്മാൻ ഡെംബെലെയുടെ ഹാട്രിക്ക് മികവിൽ ലോകകപ്പിലെ ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ നോർവേയെ തകർത്ത് ഫ്രാൻസ്. ഒന്നിനെതിരേ നാല് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. 7, 20, 32 മിനിറ്റുകളിലായിരുന്നു ഡെംബെലെയുടെ ഗോളുകൾ. ഇൻജുറി ടൈമിൽ ഡെറീറേ ടുവെയും ഫ്രാൻസിനായി സ്‌കോർ ചെയ്തു.
ഫൊണ്ടെയ്‌നും കിലിയൻ എംബാപ്പെയ്ക്കും ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഫ്രഞ്ച് താരമാണ് ഡെംബെലെ. താരത്തിന്റെ ആദ്യ രണ്ടു ഗോളുകൾക്കും അസിസ്റ്റ് ഒരുക്കിയത് കിലിയൻ എംബാപ്പെയായിരുന്നു.

21-ാം മിനിറ്റിൽ തിയോ ആസ്ഗാർഡാണ് നോർവേയ്ക്കായി സ്‌കോർ ചെയ്തത്. ആദ്യ ഇലവനിൽ 10 മാറ്റങ്ങളുമായി കളത്തിലിറങ്ങിയ നോർവേ പലപ്പോഴും ഫ്രാൻസ് പ്രതിരോധത്തെ വിറപ്പിച്ചിരുന്നു. 48-ാം മിനിറ്റിൽ നോർവേയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സ്ട്രാന്റ് ലാർസന്റെ ദുർബലമായ കിക്ക് ഫ്രഞ്ച് ഗോളി മൈക്ക് മെന്യോൺ രക്ഷപ്പെടുത്തുകയായിരുന്നു. ഓസ്‌കാർ ബോബിനെ തിയോ ഹെർണാണ്ടസ് ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. 64-ാം മിനിറ്റിൽ ഹാട്രിക് ഹീറോ ഡെംബലെയെ പിൻവലിച്ച് ബ്രാഡ്‌ലി ബാർകോളയെ ഫ്രാൻസ് കളത്തിലിറക്കി. ഇൻജറി ടൈമിൽ ബ്രാഡ്ലി ബാർകോളയുടെ അസിസ്റ്റിൽ നിന്ന് യുവതാരം ഡിസയർ ദൂവെ ഫ്രാൻസിന്റെ നാലാം ഗോൾ നേടി നോർവേയുടെ പതനം പൂർത്തിയാക്കി. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റോടെ ഫ്രാൻസ് ഗ്രൂപ്പ് ഐ ചാംപ്യന്മാരായി നോക്കൗട്ട് കളിക്കും. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി നോർവേയും റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടി.”

RELATED ARTICLES
- Advertisment -

Most Popular

Recent Comments