ഗുരുവായൂർ: മുതിർന്ന സി.പി.എം നേതാവും പ്രഥമ ചാവക്കാട് ഏരിയ കമ്മിറ്റിയംഗവുമായിരുന്ന മമ്മിയൂര്‍ കെ.എസ്.ഇ.ബി ഓഫീസ് റോഡില്‍ വാക്കയില്‍ പുത്തന്‍പുരയില്‍ വി.പി കൃഷ്ണൻകുട്ടി നായർ (94) നിര്യാതനായി. സി.പി.എമ്മിന്റെ പ്രഥമ ഏരിയാ കമ്മിറ്റിയംഗവും കര്‍ഷക മുന്നണി നേതാവുമായിരുന്നു.1975 ൽ ഗുരുവായൂര്‍ പുത്തമ്പല്ലിയില്‍ പാലഞ്ചേരി വീട്ടില്‍ രഹസ്യമായി ചേര്‍ന്ന സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം പ്രഥമ ചാവക്കാട് ഏരിയ കമ്മിറ്റിയിലെ 9 അംഗങ്ങളില്‍ ഒരാളായി. തുടര്‍ന്ന് ദീര്‍ഘകാലം അദ്ദേഹം ഏരിയ കമ്മിറ്റിയില്‍ തുടര്‍ന്നു. എരിയ കമ്മിറ്റി രൂപീകരണത്തിന് മുമ്പും സിപിഎമ്മിന്റെ പൂക്കോട്, ഗുരുവായൂർ സംയുക്ത ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലത്തും അദ്ദേഹം സംയുക്ത ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റിയും പൂക്കോട് ലോക്കല്‍ കമ്മിറ്റിയുമായി വിഭജിച്ച ശേഷവും അദ്ദേഹം ഇരു ലോക്കല്‍ കമ്മിറ്റികളുടെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കുറച്ച് വർഷങ്ങളായി അനാരോഗ്യം മൂലം പൊതു രംഗത്തു നിന്ന് വിട്ടു നിൽക്കുകയായിരുന്നു. വീട്ടില്‍ വച്ച് പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം. വന്‍ജനാവലിയുടെ സന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി. ഭാര്യ: പത്മിനിഅമ്മ. മക്കൾ: രാധിക, രാജേഷ്. മരുമക്കള്‍: സോമസുന്ദരൻ, ഐശ്വര്യ.

