സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് വലപ്പാട് പോലീസിന്റെ പിടിയിലായി. തളിക്കുളം വില്ലേജ് കൊപ്രക്കളം സ്വദേശി മതിലകത്ത് വീട്ടിൽ അമീർ (20) ആണ് ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി അറസ്റ്റിലായത്. ഇയാളിൽ നിന്ന് 144 ഗ്രാം കഞ്ചാവും ചില്ലറ വിൽപ്പനയ്ക്കായി കരുതിയ 11 സിപ്പ് ലോക്ക് കവറുകളും പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ കൊപ്രക്കളത്തുള്ള വീട്ടിൽ വലപ്പാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പ്രതിയെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി കൂട്ടിച്ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എസ് ഐ എബിൻ സി എൻ, ജി എസ് ഐ ഉണ്ണി, ജി എ എസ് ഐ ഭരതനുണ്ണി, ജി എ എസ് ഐ റംല, സി പി ഒ ജെസ്ലിൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

