ചാവക്കാട്: നഗരസഭാ പരിധിയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് മുതുവട്ടൂർ ചെറ്റ്യാലക്കൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് കാഞ്ഞങ്ങാട്ട് പ്രിയദർശനൻ (62) ആണ് മരിച്ചത്. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, വികസനകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി യതീന്ദ്രദാസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷാ മത്രംകോട്ട്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എച്ച് സലാം , പൊതുമരാമത്ത് കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൂറ, വിദ്യാഭ്യാസ-കലാകായിക കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി രഞ്ജിത്ത് കുമാർ, സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി പി , നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി , നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ധന്യാസ്ത്രീ ഉണ്ണി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പി വി സിന്ധു, താലൂക്ക് ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ്-1) ഷമീർ എം. എന്നിവർ യോഗത്തിൽ പങ്കെടുത്തു. നഗരങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും എലിപ്പനി വ്യാപനം തടയുന്നതിനും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. ബോധവത്കരണ പരിപാടികൾ താഴെത്തട്ടിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു. ജനപ്രതിനിധികൾ, നഗരസഭയിലെയും താലൂക്ക് വിഭാഗത്തിലെയും ഹെൽത്ത് ഉദ്യോഗസ്ഥർ, സ്കൂൾ പ്രധാന അധ്യാപകർ , ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ചാവക്കാട് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; നഗരസഭയിൽ അടിയന്തര അവലോകന യോഗം ചേർന്നു
RELATED ARTICLES

