ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ ചാവക്കാട് ഉപജില്ലയിൽ 97.97 ശതമാനം വിജയം. 14542 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസയോഗ്യത നേടിയപ്പോൾ 301 പേർക്ക് പരീക്ഷാ കടമ്പ കടക്കാനായില്ല. 7715 ആൺകുട്ടികളും 7128 പെൺകുട്ടികളും ഉൾപ്പെടെ 14843 പേരാണ് ചാവക്കാട് ഉപജില്ലയിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 121 പെൺകുട്ടികൾക്കും 180 ആൺകുട്ടികൾക്കും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയില്ല. ചാവക്കാട് എം.ആർ.ആർ.എം സ്‌കൂളിൽ 92 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷ എഴുതിയ 256 പേരിൽ 236 പേർ വിജയിച്ചു. 5 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. മമ്മിയൂർ എൽ.എഫ് സ്കൂളിൽ 98.9 ശതമാനമാണ് വിജയം. 28 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പരീക്ഷ എഴുതിയ 368 പേരിൽ 364 പേർ വിജയിച്ചു. ചാവക്കാട് മണത്തല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 96.2 ശതമാനമാണ് വിജയം. ഒരാൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കടപ്പുറം ഗവ സ്കൂളിൽ 100 ശതമാനം വിജയം നേടാനായി. ഇവിടെ പരീക്ഷ എഴുതിയ 48 വിദ്യാർത്ഥികളും വിജയിച്ചു. കടപ്പുറം തൊട്ടാപ്പ് ഫോക്കസ് ഇംഗ്ലീഷ് സ്‌കൂളും 100 ശതമാനം വിജയം കരസ്ഥമാക്കി. ഒരു ഫുൾ എ പ്ലസ്. എടക്കഴിയൂർ സീതി സാഹിബ് സ്‌കൂളിൽ പരീക്ഷ എഴുതിയ 554 പേരിൽ 545 പേർ വിജയിച്ചു. 97.5 ശതമാനമാണ് വിജയം. എടക്കഴിയൂർ സീതി സാഹിബ് സ്കൂളാണ് തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയത്. ബ്രഹ്മകുളം അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ 100 ശതമാനമാണ് വിജയം. ഇവിടെ 4 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ബ്രഹ്മകുളം സെൻ്റ് തെരാസാസ് സ്കൂളിന് 100 ശതമാനം വിജയം നേടാനായി.

