ചാവക്കാട്: എസ്.ഡി.പി.ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഉമർ മുക്താർ എസ്.ഡി.പി.ഐയിൽ നിന്ന് രാജിവെച്ച് വെൽഫെയർ പാർട്ടിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി എസ്.ഡി.പി.ഐ നേതൃത്വം ഉണ്ടാക്കിയ രഹസ്യ ഡീലുകളിൽ പ്രതിഷേധിച്ചാണ് രാജി. കാലങ്ങളായി പൊതുസമൂഹത്തിന് മുന്നിൽ എസ്.ഡി.പി.ഐ ഉയർത്തിപ്പിടിച്ച നിലപാടുകളെ ബലികഴിക്കുന്നതായിരുന്നു അവരുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ് നിസാർ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം എം.കെ. അസ്ലം, ജില്ലാ ജനറൽ സെക്രട്ടറി റക്കീബ് കെ തറയിൽ, വൈസ് പ്രസിഡൻ്റ് ടി.എം. കുഞ്ഞിപ്പ, കമ്മിറ്റിയംഗങ്ങളായ സി.ആർ ഹനീഫ, പി.കെ അക്ബർ, മണ്ഡലം ഭാരവാഹികളായ ഫൈസൽ ഉസ്മാൻ, ഒ.കെ റഹീം, മുംതാസ് കരീം, റസാഖ് ആലുംപടി എന്നിവർ പങ്കെടുത്തു.

