വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി യു.ഡി.എഫും എൽ.ഡി.എഫും രംഗത്ത്. ഇതിനു പിന്നാലെ വാടാനപ്പള്ളിയിൽ 4000 കിറ്റുകൾ പിടിച്ചെടുത്തു. ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രവീണ്‍ ജിത്ത് അറസ്റ്റിലായി. കിറ്റുകള്‍ ബിജെപിയുടേതെന്ന് ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും ഗോഡൗണ്‍ വളഞ്ഞതിനു പിന്നാലെയാണിത്. ഗോഡൗണിന്‍റെ ഗേറ്റ് തകര്‍ത്ത് ഉള്ളിലേക്ക് തള്ളിക്കയറിയാണ് പ്രവർത്തകർ ബഹളം വച്ചത്. തൃശൂര്‍ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിലാണ് കിറ്റുകൾ സൂക്ഷിച്ചിരുന്നത്. ബിജെപി കോൺഗ്രസ് പ്രവർത്തകർ ഏറെ നേരം നേർക്കുനേർ നിലയുറപ്പിച്ചു. ഇരുവിഭാഗവും പരസ്പരം മുദ്രാവാക്യം വിളിച്ചു. ഇതിനു പിന്നാലെ കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നു. മുകളിൽ നിന്ന് പ്രവർത്തകരെ നോക്കി ദേവൻ ഭാരത് മാതാ കീ ജയ് വിളിച്ചു. ഇതോടെ ബിജെപി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചു. ദേവനെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു. ദേവനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് നടത്തിയ കോൺഗ്രസ് പ്രതിഷേധത്തിനൊടുവിൽ ടി.എൻ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. സിസി ടിവി പരിശോധിച്ച ശേഷമാണ് നടപടി. ദേവനെ അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും പൊലീസും സ്ഥലത്ത് എത്തിയാണ് കിറ്റുകൾ പിടിച്ചെടുത്തത്. ബിജെപി നേതാവ് ബഗീഷ് പൂരാടന്‍റെ വാഹനം പൊലീസ് പരിശോധിച്ചു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ കിറ്റുകള്‍ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്വകാഡ് സീൽ ചെയ്തു. നാലു വാഹനങ്ങളിലായി കിറ്റുകള്‍ എത്തിച്ച് വിതരണം ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. കേന്ദ്ര സേനയും സ്ഥലത്തെത്തിയിരുന്നു. താൻ സ്ഥലത്തെത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നും ഷെഡ്യൂള്‍ ചെയ്ത പ്രകാരമാണ് അവിടെ എത്തിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പിന്തുടരുകയായിരുന്നുവെന്നും ദേവൻ ആരോപിച്ചു. നേരത്തെ, തൃശൂരിലെ ഒളരിക്കരയില്‍ വോട്ടിനു കിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണനാണ് ഒന്നാംപ്രതി. കിറ്റ് ആരോപണം വ്യാജമാണെന്ന് ബിജെപി സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി തൃശൂരിലെത്തിയത് പെട്ടിയില്‍ കാശുമായാണെന്ന് കോണ്‍ഗ്രസ് നേതാവും മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ടി.എന്‍.പ്രതാപന്‍ ആരോപിച്ചു.

