ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്തേക്ക് നിബന്ധനകൾക്ക് വിധേയമായി ഭക്തജനങ്ങളെ പ്രവേശിപ്പിക്കണമെന്ന് ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ മുഖേന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നിവേദനം നൽകി. നിവേദനം ലഭിച്ച എം.എൽ.എ ഉടനെ ദേവസ്വം മന്ത്രിയുമായി സംസാരിച്ചു. അനുകൂല തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.എൽ.എ അറിയിച്ചു. കഴിഞ്ഞ 160 ദിവസമായി ഗുരുവായൂരിലെ 150 ലേറെ വരുന്ന ലോഡ്ജുകളടക്കം 600 ഓളം വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. അയ്യായിരത്തിലേറെ വരുന്ന തൊഴിലാളികളും പട്ടിണിയിലാണ്. ക്ഷേത്രത്തിൽ ദർശന അനുമതി നൽകിയാൽ മാത്രമെ ഈ പ്രതി സന്ധിക്ക് പരിഹാരമാകൂവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ചേംബർ പ്രസിഡണ്ട് പി.വി മുഹമ്മദ് യാസിൻ, സെക്രട്ടറി അഡ്വ.രവിചങ്കത്ത് എന്നിവരാണ് എം.എൽ.എക്ക് നിവേദനം നൽകിയത്.