ചാവക്കാട്: ചാവക്കാട് നഗരസഭ 2024- 25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി വികസനത്തിന് തുടക്കമായി. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ഇ.പി അനീറോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സലീം, അഡ്വ. എ.വി മുഹമ്മദ് അൻവർ, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ, കെ.വി സത്താർ എന്നിവർ സംസാരിച്ചു. ജൈവ പച്ചക്കറി കൃഷി വികസനം പദ്ധതിയുടെ വിതരണ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. പദ്ധതിയിൽ 50 ഗുണഭോക്താക്കളാണുള്ളത്. ഓരോ ഗുണഭോക്താവിനും 850 രൂപയ്ക്ക് അഞ്ച് ഇനം ജൈവ പച്ചക്കറി വിത്ത്, ജൈവവളം, ജൈവ കീടനാശിനി, ജൈവ കുമിളനാശിനി, ഡോളോമൈറ്റ് എന്നിവ വിതരണം ചെയ്തു. അടങ്കൽ തുക 425000 രൂപയായുള്ള പദ്ധതിയിൽ 75000 രൂപ ഗുണഭോക്താവിഹിതവും 350000 രൂപ പദ്ധതി വിഹിതവുമാണ്.