Sunday, May 31, 2026

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് സി.പി.ഐ

തൃശ്ശൂര്‍: തൃശൂർ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും ഇടയാക്കിയ സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സി.പി.ഐ തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ്  കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശ്ശൂര്‍ പൂരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനും ഇടയായ സംഭവങ്ങളില്‍ ഗൂഢാലോചന നടന്നതായി ആ വേളയില്‍ തന്നെ സിപിഐ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് നിലപാടും ഇതുതന്നെയായിരുന്നു. സംഭവത്തിൽ ഗൂഢാലോചന പുറത്തു വരേണ്ടതുണ്ട്. പൂരം അലങ്കോലമാക്കിയതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബി.ജെ.പിയും സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുമായിരുന്നു. വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ചില സംഘപരിവാർ  നേതാക്കളുടെ സാന്നിധ്യം ഇത്തവണത്തെ പൂരത്തില്‍ ഉണ്ടായത് സംശയം ജനിപ്പിക്കുന്നതായും എ.ഡി.ജി.പി-ആര്‍.എസ്.എസ് നേതാക്കളെ കണ്ടതുമായി  ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട്  ജനങ്ങള്‍ക്കായി പുറത്തുവിടണമെന്നും യോഗം ആവശ്യപ്പെട്ടു. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി രാജേന്ദ്രന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം സി.എന്‍ ജയദേവന്‍, ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ബാലചന്ദ്രന്‍ എം.എല്‍.എ, ടി.ആര്‍ രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments