Sunday, May 31, 2026

അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു; യുവാവ് കസ്റ്റഡിയിൽ

ചെങ്ങന്നൂർ: അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ യുവാവിന്റെ കുരുമുളക് സ്പ്രേ പ്രയോഗം. ചെങ്ങന്നൂരിനു സമീപം വെൺമണിയിലാണ് സംഭവം. സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്.എച്ച്.ഒയുടെ ഔദ്യോഗിക ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കുകയും ചെയ്ത യുവാവിനെക്കുറിച്ച് അന്വേഷിക്കാനാണു വെൺമണി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം എത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പുന്തല മേലാപറമ്പിൽ വിനീഷ് മോഹനാണ് പ്രതിയെന്നു പൊലീസിനു വിവരം കിട്ടിയിരുന്നു.

എന്നാൽ വീട്ടിലെത്തിയ പൊലീസുകാർക്ക് നേരെ അപ്രതീക്ഷിതമായി യുവാവ് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. എസ്.എച്ച്.ഒ എം.സി അഭിലാഷ്, സിപിഒ ശ്യാം എന്നിവർക്കു നേരെയായിരുന്നു കുരുമുളക് സ്പ്രേ ആക്രമണം. തുടർന്നു മറ്റു പൊലീസുകാർ ചേർന്നു വിനീഷിനെ കീഴ്പ്പെടുത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവാവിന് ഏതെങ്കിലും തരത്തിൽ മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. ഔദ്യോഗിക കൃത്യ നിർവഹണത്തിനു തടസം സൃഷ്ടിക്കുക, പൊലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments