ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തിൽ ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘം ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനുമായി സഹകരിച്ച് അസോസിയേഷൻ മെമ്പർമാരായ കച്ചവടക്കാർക്കുള്ള ഒന്നരക്കോടി രൂപയുടെ പലിശ രഹിത വായ്പയുടെയും വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമായി വ്യാപാരി വ്യവസായി സഹകരണ സംഘം നടപ്പിലാക്കുന്ന മൂന്നര കോടി രൂപയുടെ പലിശരഹിത സ്വർണ പണയ വായ്പ യുടെയും വിതരണോൽഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് സഹകരണ സംഘം പ്രസിഡണ്ട് കൂടിയായ കെ.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
നിലവിൽ ഗോൾഡ് ലോണെടുത്തവർക്ക് അഞ്ച് ശതമാനം വരെ പലിശ ഇളവും പ്രഖ്യാപിച്ചു. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും സംഘം ഡയറക്ടറുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം വൈസ് പ്രസിഡണ്ട് വി ഉസ്മാൻ സ്വാഗതം പറഞ്ഞു. കെ.കെ സേതുമാധവൻ, പി.എം അബ്ദുൽ ജാഫർ, കെ.എൻ സുധീർ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ഷൈനി വർഗീസ് നന്ദിപറഞ്ഞു.