Friday, September 20, 2024

ഗോവയിൽ നിന്നും കാർ മോഷ്ടിച്ചു; കുന്നംകുളം സ്വദേശി അറസ്റ്റിൽ

കുന്നംകുളം: കാർ മോഷണ കേസിൽ കുന്നംകുളം സ്വദേശിയെ ഗോവ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഗോവയിൽ നിന്നും ടാക്സി ഡ്രൈവറെ ആക്രമിച്ച്‌ കാർ തട്ടിയെടുത്ത കേസിലാണ്‌ കുന്നംകുളം പെലക്കാട്ട്‌ പയ്യൂർ അമ്പലത്ത്‌ വീട്ടിൽ ഹാഷിമിനെ ഗോവ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞ മൂന്ന് ദിവസമായി ഗോവ പോലീസ്‌ കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഹാഷിമും സുഹൃത്തുക്കളും കൂടി ഗോവയിൽ നിന്ന് ഡ്രൈവറെ ആക്രമിച്ച്‌ കാർ തട്ടിയെടുത്തിരുന്നു. ഈ കാറുമായി കേരളത്തിലേക്ക്‌ വരുന്ന വഴി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായതിനെ തുടർന്ന് തട്ടിയെടുത്ത കാർ മംഗലാപുരത്തെ വർക്ക്ഷോപ്പിൽ ഉപേക്ഷിച്ചു. പിന്നീട് നാട്ടിലെത്തി. പരാതി ലഭിച്ചതോടെ ഗോവ പോലീസ്‌ സി.സി.ടി.വി അടക്കമുള്ള തെളിവുകൾ ശേഖരിച്ച്‌ കേരളത്തിലേക്ക്‌ അന്വേഷണത്തിനായി പുറപ്പെടുകയായിരുന്നു. ഹാഷിമിനെ തിരിച്ചറിഞ്ഞ ഗോവ പോലീസ്‌ കഴിഞ്ഞ കുന്നംകുളം പോലീസിന്റെ സഹായം തേടി. കുന്നംകുളം പോലീസും ഗോവ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ്‌ ഹാഷിം പിടിയിലായത്‌. കാർ മോഷണ കേസിൽ പിടിയിലായ ഹാഷിമിനെ തുടർ നടപടികൾക്കായി ഗോവയിലേക്ക്‌ കൊണ്ടുപോയി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments