തൃശൂർ: കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്ത നേതാവിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിളിച്ചു വരുത്തി സംഘം ചേർന്ന് മർദിച്ചതായി പരാതി. പുനസംഘടനയിൽ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്ത കൂർക്കഞ്ചേരി സ്വദേശി വിഷ്‌ണു ചന്ദ്രനെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനും സംഘവും മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്‌ണു തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലാണ്. ശോഭസുബിൻ, കെ.എസ്.യു മുൻ ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് വേണുഗോപാൽ, സുദേവ് എന്നിവരടക്കം എട്ട് പേരാണ് കഴിമ്പ്രം ബീച്ചിലേക്ക് വിളിച്ചുവരുത്തി മർദിച്ചതെന്ന് വിഷ്ണു പറഞ്ഞു. കഴിമ്പ്രം ബീച്ച് ഫെസ്‌റ്റിവൽ നടക്കുന്ന ഇടത്തേക്ക് വിഷ്‌ണുവിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. മുഖത്ത് ഇടിയേറ്റു വീണ വിഷ്ണുവിനെ തുടർന്ന് എല്ലാവരും ചേർന്ന് മർദിച്ചു. വീണ്ടും ചവിട്ടി വീഴ്‌ത്തി. ഇന്നലെ ഉച്ചയോടെയാണ് ദയ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് കെ.പി.സി.സി–ഡി.സി.സി പ്രസിഡന്റുമാർക്കും, കെ.എസ്.യു, എൻ.എസ്.യു നേതാക്കൾക്കും വിഷ്‌ണു പരാതി നൽകിയിട്ടുണ്ട്.